ഗുജറാത്ത് കലാപം: മോദിയുടെ ക്ലീൻ ചിറ്റിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
ഗുജറാത്തിൽ 2002-ൽ നടന്ന വർഗീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. കലാപത്തിനിടെ നടന്ന ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. സാക്കിയയുടെ ഭർത്താവും മുൻ എംപിയുമായ എഹ്സാൻ ജഫ്രിയുൾപ്പെടെ 68 പേരാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടത്.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമർപ്പിച്ച റിപ്പോർട്ട് കീഴ്ക്കോടതി അംഗീകരിച്ചിരുന്നു. 2012 ഫെബ്രുവരി 8ന് ആണ് എസ്ഐടി കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. നരേന്ദ്ര മോദിയടക്കം 63 പേര്‍ക്കാണ് അന്വേഷണസംഘം ക്ലീൻ ചിറ്റ് നൽകിയത്. 2017 ഒക്ടോബറിൽ ഈ നടപടി ഗുജറാത്ത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരായാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്.
ഗുജറാത്തിൽ 2002 ൽ നടന്ന വർഗീയ കലാപത്തിനിടെ മുൻ എംപി എഹ്സാൻ ജഫ്രി അടക്കമുള്ളവർ കൊല്ലപ്പെട്ട ഗുൽബെർഗ് കേസ് വേണ്ട വിധമല്ല പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചതെന്നും സംഭവം നടക്കുമ്പോൾ പൊലീസ് കൺട്രോൾ റൂമിൽ ഒരു മന്ത്രി ഉണ്ടായിരുന്ന കാര്യം പരിശോധിച്ചില്ലെന്നും സാക്കിയ ആരോപിച്ചിരുന്നു.
2002 ൽ അഹമ്മദാബാദിൽ ആരംഭിച്ച ഗുജറാത്ത് കലാപത്തിൽ 790 മുസ്ലിംങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2,500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെടവരുടെ സംഖ്യ രണ്ടായിരത്തിന് മുകളിലാണ്.