പഞ്ചായത്ത് പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്തതായി പരാതി ; ആക്രമണത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് ആരോപണം
പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ ഒരു സംഘം ആളുകൾ കയ്യേറ്റം ചെയ്തതായി പരാതി. സൗമ്യയുടെ വസ്ത്രം വലിച്ചു കീറി. ഇവരെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കോയിപ്രം പൊലീസിൽ പരാതി നൽകി. പഞ്ചായത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസിഡണ്ടിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം ചർച്ച ചെയ്യാതെ തള്ളിയിരുന്നു.
വഴിയിലൂടെ പോവുകയായിരുന്ന സൗമ്യയുടെ മുടി പിടിച്ചു വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളാണ് സാബു ബഹനാൻ, ഷിജു കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നതെന്ന് സൗമ്യ പറയുന്നു.
എൽ ഡി എഫ് സ്വതന്ത്രയായിട്ടാണ് സൗമ്യ മത്സരിച്ചത്. പാർട്ടിക്കകത്തെ ധാരണയനുസരിച്ച് ഒരു വർഷത്തെ കാലാവധിയാണ് ഉണ്ടായിരുന്നത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും രാജിവെക്കാത്തതിനെ തുടർന്നാണ് എൽ ഡി എഫ് ഇവർക്കെതിരെ അവിശ്വാസം പ്രമയം കൊണ്ടുവന്നത്. ക്വാറം തികയാത്തതിനാലാണ് ഇത് ചർച്ച ചെയ്യാതെ വിട്ടത്.
ഇവർക്കെതിരെ അക്രമത്തിന് സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്റെ ജീപ്പും തകർത്തിരുന്നു. കോൺഗ്രസിനൊപ്പം ചേർന്നതിനാൽ എൽ ഡി എഫ് അംഗങ്ങളാണ് തന്നെ ആക്രമിച്ചത് എന്നാണ് സൌമ്യ പറയുന്നത്
Content Highlights: Puramattaom panchayath President attack Cpm