രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ് എഫ് ഐ പ്രവർത്തകരെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ എസ് എഫ് ഐ പ്രവർത്തകർ നടത്തിയെ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്പറ്റയിലുണ്ടായത് തെറ്റായ പ്രവണതയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രീതയിലുള്ള പ്രതിഷധങ്ങൾക്കും അഭിപ്രായങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് വഴിമാറുന്നത് ശരിയല്ല. രാഹുൽ ഗാന്ധി എം പിയുടെ കൈനാട്ടിയിലെ ഓഫീസ് അക്രമിച്ചവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. വാർത്താ കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം .
എസ് എഫ് ഐ പ്രവർത്തകരുടെ അതിക്രമത്തെ തള്ളിപ്പറഞ്ഞ് സി പി എം സെക്രട്ടേറിയറ്റും രംഗത്തെത്തി. ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി അറിയാത്ത സമരമാണ് നടന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചു. പ്രതിപക്ഷത്തിന് സർക്കാറിന് നേരെ തിരിയാനുള്ള ആയുധം കൊടുക്കുകയാണ് എസ് എഫ് ഐ പ്രവർത്തകർ ചെയ്തതെന്നും കുറ്റപ്പെടുത്തലുണ്ടായി.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് രാഹുൽ ഗാന്ധിയുടെ കൈനാട്ടിയിലെ ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചെത്തിയത്. ഓഫീസിനത്ത് പ്രവേശിച്ച പ്രവർത്തകർ സാധനങ്ങൾ നശിപ്പിക്കുകയും ചില്ലുകൾ അടിച്ചു തകർക്കുകയുമൊക്കെ ചെയ്തു. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ എസ് എഫ് ഐ പ്രവർത്തകർ നുണപറയുകയാണെന്നും ബഫർസോൺ വിഷയത്തിൽ താൻ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്ത് ഫേസ് ബുക്കിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.
Content Highlights: CM Pinarayi Vijayan On Rahul Gandhi’s Office attack