കോവളം – ബേക്കൽ ജലപാതക്കുള്ള സ്ഥലമേറ്റെടുപ്പും പുനരധിവാസവും ഉടൻ; 2023 ഓടെ ജലപാത പൂർത്തീകരിക്കും
കോവളം – ബേക്കൽ ജലപാത വിസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി 247.20 കോടി രൂപ ചെലവഴിക്കും. പദ്ധതി നടപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ കിഫ്ബി വഴി അനുവദിച്ച 427 കോടി രൂപയിൽ നിന്നാണ് ഈ തുക വിനയോഗിക്കുക. പദ്ധതിയുടെ ഭാഗമായി 1470 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.
കോവളം- ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകളെ തിരുവനന്തപുരം ജില്ലയിൽ പുനരധിവസിപ്പിക്കേണ്ടി വരുന്നത് കോവളത്തിനും ആക്കുളത്തിനുമിടയിലെ 10 കിലോമീറ്റർ ദൂരത്തിനുള്ളലാണ്. ഇവിടെ 942 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരും,വർക്കലക്കും നടയറ കായലിനുമിടയിലെ എട്ട് കിലോമീറ്റർ ദൂരത്തിൽ 385 കുടുംബങ്ങളെയും , പുത്തൻ തോപ്പിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ 116 കുടുംബങ്ങളെയും, ഒരു കിലോമീറ്റർ വരുന്ന വർക്കല തുരുത്തി നടുത്ത് 27 കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം.
ഈ മേഖലയിലെ സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനുമായി 247.20 കോടി രൂപ ചെലവാക്കാനാണ് തിരുമാനിച്ചിരിക്കുന്നത്. കൂടാതെ കനാൽ നവീകരണത്തിന് 183.65 കോടി രൂപയും, കോവളം- ആക്കുളം മേഖലയിൽ പാർവതീ പുത്തനാർ വീതി കൂട്ടുന്നതിന് 66.39 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പുത്തൻതോപ്പു മുതൽ വർക്കല ചിലക്കൂർ വരെയുള്ള 143 കുടുംബങ്ങളെയായിരിക്കും പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ പുനരധിവസിപ്പിക്കുക.
2023 – ൽ ഈ പ്രദേശം പൂർണ്ണമായും ജലഗതാഗതത്തിന് സജ്ജമാക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. അതെ സമയം കനാൽ ഭൂമിയിൽ മിക്കയിടത്തും കൈയ്യേറ്റമുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരു കരകളിലേയും കൈയേറ്റം പൂർണ്ണമായി ഒഴിപ്പിച്ച് ഇവിടെയുള്ളവരെയും പുനരധിവസിപ്പിക്കും. ഇതിനുള്ള വിശദമായ പാക്കേജ് പിന്നീട് സർക്കാർ പ്രഖ്യാപിക്കും.
Content Highlights: Kovalam Bekkal WaterWay