അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു. പ്രോസിക്യൂട്ടറായിരുന്ന സി.രാജേന്ദ്രന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി നല്‍കിയത്. പകരം അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ രാജേഷ് മേനോനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണ നടക്കുന്ന മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതിയില്‍ മല്ലി ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. സ്പഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് ശരിയായ രീതിയില്‍ കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുന്നില്ലെന്നായിരുന്നു മല്ലിയുടെ പരാതി. മല്ലിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിചാരണാ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷമാണ് പ്രോസിക്യൂട്ടറുടെ രാജി.
കേസില്‍ ആദ്യം നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ നിരന്തരം ഹാജരാകാതിരുന്നതു മൂലം കേസില്‍ വിചാരണ വൈകിയിരുന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു. ഇതു വിവാദമായതോടെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രാജേന്ദ്രനെ നിയമിച്ചത്. രാജേന്ദ്രനെതിരെയും പിന്നീട് മധുവിന്റെ കുടുംബം രംഗത്തെത്തി. കേസില്‍ വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറിയിരുന്നതോടെയാണ് പ്രോസിക്യൂട്ടര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയത്.
മധുവിന്റെ ബന്ധുവായ ചന്ദ്രനും നാട്ടുകാരനായ ഉണ്ണികൃഷ്ണനുമാണ് കൂറുമാറിയത്. പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ കൂറുമാറ്റുകയാണെന്ന പരാതി മധുവിന്റെ അമ്മയ്ക്കും സഹോദരി സരസുവിനും ഉണ്ടായിരുന്നു.
Content Highlights: Madhu Murder Case, Attappadi, Prosecutor, Kerala Government