വിമത നീക്കത്തെ നേരിടാനൊരുങ്ങി ശിവസേന; ഷിൻഡെയെ സസ്പെന്റ് ചെയ്തേക്കും
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അയഞ്ഞില്ല.വിമത നീക്കം നടത്തുന്ന ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള നേതാക്കളെ ശക്തമായി നേരിടുമെന്നു മഹാവികാസ് അഖാഡി സഖ്യം. വിമതരെ അയോഗ്യരാക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് ശിവസേനയുടെ തീരുമാനം. വിമത നേതാവ് ഏകനാഥ് ഷിൻഡെയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നതാണ് ഏറ്റവും പുതിയ വിവരം.
വിമത ക്യാമ്പിലുള്ള നാല് എം എൽ എ മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് നോട്ടീസ് നൽകിയതായി സൂചനയുണ്ട്. പതിനാറ് എം എൽ എ മാരോട് തിങ്കളാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. സഞ്ജയ് റായ് മുൽക്കർ, ചിമാൻ പാട്ടീൽ, രമേശ് ബോർനാരെ, ബാലാജി കല്യാൺകർ എന്നിവരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്
ആദ്യഘട്ടത്തിൽ ഉദ്ധവ് ഠാക്കറെ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഏക്നാഥ് ഷിൻഡെ വഴങ്ങാൻ തയ്യാറായില്ല. ഇന്നലെ രാത്രി എൻ സിപി അധ്യക്ഷൻ ശരത് പവാർ ഉദ്ധവുമായി വിശദമായി ചർച്ച നടത്തി. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ഉദ്ധവിനോട് സംസാരിച്ചിരുന്നു. കൂടെയുണ്ടാവുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വിമതർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോവാൻ ഉദ്ധവ് താക്കറെ തീരുമാനിച്ചത്.
ഏക്നാഥ് ഷിൻഡെ ഗുവാഹതിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എം എൽ എ മാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വിമത പക്ഷത്തിൻ്റെ ഭാവി തീരുമാനങ്ങൾ അതിന് ശേഷം പ്രഖ്യാപിക്കും എന്നാണ് വിവരം
Content Highlights: Maharashtra Politics Eknath Shinde and Shiv sena