എടക്കര മാവോയിസ്റ്റ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് തമിഴ്നാട് സ്വദേശി
മലപ്പുറം എടക്കര മാവോയിസ്റ് കേസിൽ ഒരാളെകൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുദുനഗർ സ്വദേശി ഇയ്യപ്പനാണു പിടിയിലായത്. മാവോയിസ്റ് ക്യാമ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്ത ആളാണ് പിടിയിലായ ഇയ്യപ്പൻ .
മാവോയിസ്റ് ക്യാമ്പ് സംഘടിപ്പിക്കുകയും പ്രവർത്തകർക്ക് ആയുധ പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്. പിടിയിലായ ഇയ്യപ്പൻ ക്യാമ്പ് നടത്തുന്നതിനുള്ള ഗൂഡലോചനയിൽ പങ്കെടുത്തിരുന്നതായി എൻ ഐ എ കണ്ടെത്തി. ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് എൻ ഐ എ അറസ്റ് ചെയ്തത്. 2016 ലാണ് മലപ്പുറം എടക്കരയിൽ വനമേഖലയിൽ സിപിഐ മാവോയിസ്റ് സംഘടന പ്രവർത്തകർ ക്യാമ്പ് സംഘടിപ്പിച്ചത്.
സംഘടനയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ക്യാമ്പ്. പതാക ഉയർത്തുകയും പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുകയുമായിരുന്നു. ആദ്യം കേരള പോലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച കേസ് 2021ൽ എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. എൻ ഐ എ അന്വേഷണത്തിന്റെ ഭാഗമായി കേരളം തമിഴ് നാട് എന്നിവിടങ്ങളിൽ പരിശോധനയും നടത്തിയിരുന്നു. നിരോധിതസംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ടസ്പെഷൽ സോണൽ കമ്മിറ്റി ചേർന്നുവെന്ന് എൻ ഐ എ സംഘടിപ്പിച്ച കുറ്റപത്രത്തിലുണ്ട്.
കേസിൽ ഏപ്രിൽ മാസത്തിൽ ഇരുപത് പേരെ പ്രതികളാക്കി എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ മൂന്നുപേർ മലയാളികളാണ്.കൽപറ്റ സ്വദേശി സോമൻ, തൃശൂർ സ്വദേശി സി.ജി രാജൻ,കണ്ണൂർ സ്വദേശി ടി.കെ രാജീവൻ എന്നിവരാണ് പ്രതികളായ മലയാളികൾ.
Content Highlights: Edakkara Maoist Case One more arrest