അവിഷിത്ത് ഇപ്പോൾ സ്റ്റാഫംഗമല്ല: ഓഫീസ് ആക്രമണത്തിൽ സ്റ്റാഫംഗമുൾപ്പെട്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി വീണ ജോർജ്
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ തൻ്റെ സ്റ്റാഫംഗവും ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ആക്രമണത്തിൽ പങ്കെടുത്തെന്നാരോപിക്കപ്പെട അവിഷിത് സ്റ്റാഫിൽ നിന്ന് ഒഴിവായ ആളാണെന്ന് വീണ ജോർജ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്റ്റാഫിന്റെ നേതൃത്വത്തിലാണെന്നും ഇയാളെ കേസിൽ നിന്നും ഒഴിവാക്കാൻ സിപിഎം സമ്മർദം ചെലുത്തുകയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായ അവിഷിത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം, ഒരു അക്രമസംഭവത്തിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നൊക്കെ പറയുന്നത് പൂർണമായും തെറ്റാണെന്നും അക്രമങ്ങളോടുള്ള പൊതുനിലപാട് തന്നെയാണ് ഈ വിഷയത്തിലുമുള്ളതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത് സ്റ്റാഫിൽ നിന്നും ഒഴിവായതെന്ന് മന്ത്രി വിശദീകരിച്ചു. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി.