ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു
സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വീട്ടില്‍ നിന്ന് ഉച്ചയോടെയാണ് ടീസ്തയെ എടിഎസ് കസ്റ്റഡിയില്‍ എടുത്തത്. വ്യാജരേഖ ചമച്ചു എന്ന കേസിലാണ് നടപടി. ടീസ്തയെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകും. ടീസ്ത 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പോലീസിന് വ്യാജ വിവരങ്ങള്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ഗുജറാത്ത് പോലീസിന്റെ പിടിയിലായത്.
മുന്നറിയിപ്പില്ലാതെ എടിഎസ് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ടീസ്തയുടെ അഭിഭാഷകന് വിജയ് ഹിരേമാത് പറഞ്ഞു. വ്യാജരേഖ ചമച്ചുവെന്ന കുറ്റമാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജാഫ്രി നല്കിയ പരാതിയില്‍ ടീസ്ത കക്ഷിചേര്‍ന്നിരുന്നു. ഈ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി.
സെതല്‍വാദിന്റെ എന്‍ജിഒ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതികള്‍ നല്‍കിയിരുന്നതായും അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിന് ശേഷം ടീസ്തയുടെ എന്‍ജിഒയ്ക്കെതിരെ സാമ്പത്തിക കുറ്റങ്ങള്‍ ആരോപിച്ച് സിബിഐ അന്വേഷണം ഉള്‍പ്പെടെ നടന്നിരുന്നു.
Content Highlights: Teesta Setelvad, Gujrat, Arrest, ATS, Riot, Amit Shah, Narendra Modi