ടീസ്തയ്ക്ക് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര് ബി ശ്രീകുമാറും ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയില്‍
സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര് ബി ശ്രീകുമാറും അറസ്റ്റില്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ ഗുജറാത്ത് പോലീസിന്റെ പിടിയിലായത്. ടീസ്ത സെതല്‍വാദ്, ആര് ബി ശ്രീകുമാര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ ചമച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
മോദിക്കെതിരായി ഹര്‍ജി നല്കിയ സാകിയ ജാഫ്രിയുമായി ചേര്‍ന്ന് കോടതികളില്‍ നല്കിയ ഹര്‍ജികളിലും പ്രത്യേക അന്വേഷണ സംഘത്തിനും വ്യാജ വിവരങ്ങള്‍ നല്‍കിയെന്നാണ് ശ്രീകുമാറിനും ടീസ്തയ്ക്കും എതിരായ ആരോപണം. സാകിയ ജാഫ്രി നല്കിയ കേസില്‍ ടീസ്തയും കക്ഷിചേര്‍ന്നിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപിയായ എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി.
ഇന്ന് ഉച്ചയോടെയാണ് ടീസ്ത സെതല്‍വാദിനെ മുംബൈയിലെ വീട്ടില്‍ നിന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. സാന്താക്രൂസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകും.
Content Highlights: R B Sreekumar, Gujrat Riots, Teesta Setelvad