ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം കിയ കാർണിവൽ; അഞ്ചു മാസത്തിനിടയ്ക്ക് വീണ്ടും കാർ മാറി മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സര്ക്കാര് 33 ലക്ഷം രൂപ വില വരുന്ന പുതിയ കാര് വാങ്ങുന്നു. കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ വലിപ്പമേറിയ എംയുവിയായ കാർണിവലാണ് മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാൻ സർക്കാർ വാങ്ങുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കി.
നേരത്തെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽകാന്തിന്റെ നിദ്ദേശപ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. കറുത്ത നിറമുള്ള കാർ തന്നെയാകും വാങ്ങുക. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം.
നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്കോർട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കും. ഇവ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിറുത്തും. കഴിഞ്ഞ ഡിസംബറിലാണ് മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാൻ സർക്കാർ പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ.എൽ.01 സി.ടി 6683 രജിസ്ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലാണ് നിലവിൽ മുഖ്യമന്ത്രിയുടെ യാത്ര.