പഞ്ചാബിൽ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റുമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ, ആത്മഹത്യയെന്ന് പൊലീസ്
കഴിഞ്ഞ ദിവസം അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലായ പഞ്ചാബിലെ ഐ എ എസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ വീട്ടിലെ വിജിലൻസ് റെയാഡിനിടെ മകൻ വെടിയേറ്റു മരിച്ചു. സഞ്ജയ് പോപ്ലിയുടെ ഇരുപത്തേഴുവയസ്സുള്ള മകൻ കാർത്തിക് പോപ്ലിയാണ് മരിച്ചത്. കാർത്തിക് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ വെടിവെക്കുകയായിരുന്നുവെന്നാണ് കുംടുംബാംഗങ്ങൾ പറയുന്നത്.
തന്റെ മുന്നിൽ വച്ചാണ് കാർത്തിക്കിനെ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതെന്ന് സഞ്ജയ് പറയുന്നു. കാർത്തിക് പോപ്ലിക്കു വെടിയേൽക്കുന്ന സമയത്ത് വിജിലൻസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. സഞ്ജയ് പോപ്ലിക്കെതിരായ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വിജിലൻസ് സംഘം വീട്ടിലെത്തിയത്.
വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് വരുമ്പോൾ കാർത്തി വീട്ടിലുണ്ടായിരുന്നു. ഈ സമയത്ത് കാർത്തിക് പോപ്ലി സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് ചണ്ഡിഗഡ് സീനിയർ എസ് പി കുൽദീപ് ചാഹൽ പറയുന്നത്. പ്രത്യേകിച്ച് വഴക്കോ മൽപ്പിടുത്തമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവ് സഞ്ജയ് പോപ്ലിയുടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കാർത്തിക് വെടിയുതിർത്തതെന്നും എസ് പി പറഞ്ഞു.
കരാറുകാരനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് ജൂൺ 20നാണ് സഞ്ജയ് പോപ്ലിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസിന്റെ അന്വേഷണത്തിനാണ് വിജിലൻസ് സംഘം സഞ്ജയിന്റെ വീട്ടിലെത്തിയത്. റെയ്ഡിൽ സഞ്ജയിന്റെ വസതിയിൽനിന്ന് സ്വർണ, വെള്ളി നാണയങ്ങളും പണവും മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്.
സഞ്ജയിനെതിരെ തെറ്റായ മൊഴി നൽകാൻ വിജിലൻസ് സംഘം സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു. തെറ്റായി മൊഴി നൽകാൻ വീട്ടിലെ ജോലിക്കാരിൽ സമ്മർദം ചെലുത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു.
Content Highlights: Punjab IAS officer’s Son Assassinated during vigilance raid