മഹാരാഷ്ട്രയില്‍ വിമതരുടെ ഭാര്യമാരെ സ്വാധീനിക്കാന്‍ നീക്കവുമായി ശിവസേന; ഉദ്ധവിന്റെ ഭാര്യ രംഗത്ത്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയുടെ ഭാര്യ രശ്മി ഠാക്കറെ രംഗത്ത്. വിമത എംഎല്‍എമാരുടെ ഭാര്യമാരെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമം ആരംഭിച്ചതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികപക്ഷത്തേക്ക് വിമതരെ തിരികെക്കൊണ്ടുവരാന്‍ ഭാര്യമാരെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ചില വിമത എംഎല്‍എമാരുമായി ഉദ്ധവ് ഠാക്കറെയും മെസേജുകളിലൂടെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. വിമത പക്ഷത്തുള്ള എംഎല്‍എമാരുടെ മനസുമാറ്റി തിരികെയെത്തിക്കാനുള്ള എല്ലാ ശ്രമവും ഔദ്യോഗികപക്ഷം തുടരുകയാണ്.
ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തുടരുന്ന വിമതപക്ഷത്താണ് ഭൂരിപക്ഷം ശിവസേന എംഎല്‍എമാരും. തങ്ങള്‍ ശിവസേന ബാലസാഹേബ് ഠാക്കറെ എന്ന പേരില്‍ അറിയപ്പെടുമെന്ന് വിമതര്‍ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗം ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ശിവസേനയെന്നും ബാലാസാഹേബ് ഠാക്കറെയെന്നുമുള്ള പേരുകള്‍ ഉപയോഗിക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്ന് കാട്ടി പാര്‍ട്ടി തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു.
എംഎല്‍എമാരെ അയോഗ്യരാക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയം കോടതി കയറുമെന്നും ഉറപ്പായി. അയോഗ്യരാക്കാതിരിക്കണമെങ്കില് തിങ്കളാഴ്ച നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ കാരണം ബോധിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ 16 വിമത എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിമതപക്ഷം നിയമോപദേശം തേടിയിരിക്കുകയാണ്.
Content Highlight: Maharashtra, Political Crisis, Uddav Thackarey, Sivsena, Resmi Thackarey, Eknath Shinde