വിജയ് ബാബു അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍
നടനും നിര്‍മാതാവുമായ വിജയ് ബാബു താരസംഘടന അമ്മയുടെ യോഗത്തില്‍. കളമശ്ശേരിയില്‍ നടക്കുന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് വിജയ് ബാബു പങ്കെടുക്കുന്നത്. പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വിജയ് ബാബുവിന് അനുകൂലമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. എക്സിക്യൂട്ടീവ് അംഗത്വം ഒഴിയുന്നുവെന്ന് കാട്ടി സംഘടനയ്ക്ക് വിജയ് ബാബു കത്തു നല്‍കുക മാത്രമായിരുന്നു ചെയ്തത്. വിവാദം കത്തിനില്‍ക്കെയാണ് താരം സംഘടനയുടെ യോഗത്തില്‍ എത്തിയിരിക്കുന്നത്.
വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് ശ്വേത മേനോന്, മാല പാര്‍വതി, കുക്കു പരമേശ്വരന് എന്നിവര്‍ രാജി നല്കി. വിഷയം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകുമെന്ന സൂചനകള്‍ക്കിടെയാണ് വിജയ് ബാബു യോഗത്തില്‍ എത്തിയത്. ബലാല്‍സംഗക്കേസ് നിലനില്‍ക്കെ വിജയ് ബാബു യോഗത്തില്‍ പങ്കെടുക്കുന്നത് ഉചിതമാവില്ലെന്ന നിലപാട് താരങ്ങളില്‍ ഒരു വിഭാഗത്തിന് ഉണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ വിജയ് ബാബുവിന്റെ സാന്നിധ്യം യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചേക്കും.
അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ കളമശ്ശേരി ചാക്കോളാസ് പവലിയനിലാണ് സംഘടനയുടെ ജനറല്‍ബോഡി യോഗം ചേരുന്നത്. വിജയ് ബാബു വിഷയത്തില്‍ ഹരീഷ് പേരടി സ്വീകരിച്ചിരിക്കുന്ന നിലപാടും ഷമ്മി തിലകനെതിരായ അച്ചടക്ക നടപടിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.
Content Highlights: AMMA, Vijay Babu, Malayalam Cinema, General Body