ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; കെഎന്‍എ ഖാദറിന് മുസ്ലീം ലീഗിന്റെ താക്കീത്
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ കെഎന്‍എ ഖാദറിന് മുസ്ലീം ലീഗിന്റെ താക്കീത്. ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. ജാഗ്രതക്കുറവില്‍ ഖാദര്‍ ഖേദം പ്രകടിപ്പിച്ചതായും മുസ്ലീം ലീഗ് അറിയിച്ചു. സാംസ്കാരിക പരിപാടി എന്ന നിലയ്ക്കാണ് താന്‍ പങ്കെടുത്തതെന്ന് ഖാദര്‍ വിശദീകരണം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി എന്തു നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്നും പാര്‍ട്ടിക്ക് പ്രയാസമുണ്ടാക്കിയതില്‍ ഖേദപ്രകടനം നടത്താന്‍ തയ്യാറാണെന്നും ഖാദര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ മുസ്ലീം ലീഗ് നേരത്തേ ഖാദറിനോട് വിശദീകരണം ചോദിച്ചിരുന്നു. ലീഗുകാര്‍ എവിടെപ്പോകണം, എവിടെ പോകണ്ട എന്നതില്‍ അലിഖിതമായൊരു ധാരണയുണ്ടെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. അര്എസ്എസുമായി സഹകരിക്കാനാകില്ല. വെറുപ്പിന്റെ രാഷ്ട്രീയവുമായി സഹകരിക്കുന്ന പ്രശ്നമില്ലെന്നും തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഭാരത സംസ്കാരമാണ് കെഎന്‍എ ഖാദര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. കേരളത്തിലെ ലക്ഷണമൊത്ത ദേശീയ മുസ്ലീമാണ് ഖാദറെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കേസരി സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. ഇത് വിവാദമായതോടെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഖാദറിനെതിരെ രംഗത്തെത്തിയിരുന്നു. സ്നേഹബോധി എന്ന പേരില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ ആശംസ പറയാന്‍ മാത്രമാണ് താന്‍ പോയതെന്നായിരുന്നു ഖാദറിന്റെ വിശദീകരണം.
Content Highlight: KNA Khader, RSS, Muslim League