പതിനഞ്ച് ശിവസേനാ വിമത എംഎല്‍എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്കി കേന്ദ്രസര്‍ക്കാര്‍
മഹാരാഷ്ട്രയിലെ 15 ശിവസേനാ വിമത എംഎല്‍എമാര്‍ക്ക് വൈ പ്ലസ് സുരക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇവര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയത്. എത്രനാള്‍ ഗുവാഹത്തിയില്‍ ഒളിച്ചു താമസിക്കുമെന്നും തിരിച്ചു വരേണ്ടി വരുമെന്നും സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വിമതര്‍ക്ക് പ്രത്യേക സുരക്ഷയേര്‍പ്പെടുത്താന്‍ കേന്ദ്രം നടപടി സ്വീകരിച്ചത്. ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയി തെരഞ്ഞെടുപ്പിനെ നേരിടൂ എന്ന് മന്ത്രി ആദിത്യ ഠാക്കറെയും വെല്ലുവിളിച്ചിരുന്നു.
രമേഷ് ബോര്‍നാരെ, മംഗേഷ് കുന്ദാല്കര്, സഞ്ജയ് ഷിര്‍സത്, ലതാബായി സോനാവാനെ, പ്രകാശ് സുര്‍വെ എന്നിവര്‍ക്കും മറ്റ് 10 എംഎല്‍എമാര്‍ക്കുമാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡേ പക്ഷേ ഈ പട്ടികയിലില്ലെന്നാണ് വിവരം. ഭാവി കാര്യങ്ങളും നിയമവശങ്ങളും ചര്‍ച്ച ചെയ്യാന്‍ വിമതപക്ഷത്തിന്റെ യോഗം ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ നടക്കുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമതര്‍ക്കെതിരെ ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്ര പോലീസ് ആക്ട് അനുസരിച്ച് മുംബൈയില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. അയോഗ്യരാക്കപ്പെടാതിരിക്കണമെങ്കില് തിങ്കളാഴ്ച കാരണം അറിയിക്കണമെന്ന് 16 വിമത എംഎല്‍എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Content Highlights: Maharashtra, Politics, Y Category, CRPF