‘നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്നവർ പോലും തുടരുന്ന പ്രസ്ഥാനം തനിക്കെതിരെ നടപടി എടുത്തുവെന്ന് പറയുന്നത് വിരോധാഭാസം’
താരങ്ങളുടെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചലച്ചിത്ര താരം ഷമ്മി തിലകൻ. ഇന്ന് കൊച്ചിയിൽ ചേർന്ന സംഘടനയുടെ യോഗത്തിൽ ഷമ്മിതിലകനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയുടെ ബൈലോ അനുസരിച്ച് അംഗത്തെ പുറത്താക്കാൻ നേതൃത്വത്തിന് അനുമതിയില്ലെന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് യോഗത്തിൽ ഇത്തരത്തിലൊരു പരമാർശം വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്ക നടപടി സംബന്ധിച്ച് ഒരു വിവരവും അംഗമെന്ന നിലയിൽ തനിക്ക് ലഭിച്ചിട്ടില്ല. ഇന്ന് യോഗത്തിൽ തന്റെ പേരിലുള്ള ആരോപണം പരിശോധിക്കുന്ന കാര്യവും അറിയില്ല. യോഗം ചേരുന്നത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.
സംഘടനയുടെ പ്രോട്ടോകാൾ അനുസരിച്ചുള്ള കാര്യങ്ങളൊന്നും നടക്കാത്തതിനാൽ സംഘടനയുടെ ഭാഗത്തുള്ള പ്രതികരണങ്ങളെ കുറിച്ച് കാര്യമായി ഒന്നും പ്രതികരിക്കുന്നില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. യോഗത്തിനകത്ത് ഫോൺ ഉപയോഗിച്ചു എന്നതിനപ്പുറം അപരാധമൊന്നും താൻ ചെയ്തിട്ടില്ല. ഇന്ത്യൻ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്നവർ പോലും തുടരുന്ന പ്രസ്ഥാനം തനിക്കെതിരെ നടപടി എടുത്തു എന്നു പറയുന്നതിലെ വിരോധാഭാസത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സംഘടനയിൽ നിന്ന് ആരെയും പുറത്താക്കിയിട്ടില്ലെന്നും ഷമ്മി തിലകന് പറയാനുള്ള കാര്യം കൂടി കേട്ടശേഷമേ ഏതെങ്കിലും തരത്തിലുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടനാ ചട്ടങ്ങൾ പാലിക്കാത്ത ഷമ്മി തിലകനെ പുറത്താക്കണമെന്നും സസ്പെന്റ് ചെയ്യണമെന്നും പലതരത്തിലുള്ള അഭിപ്രായങ്ങൾ യോഗത്തിൽ ഉയർന്നു എങ്കിലും അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കണമെന്ന വ്യവസ്ഥയിലാണ് നടപടി പിന്നത്തേക്ക് മാറ്റിയത്.
Content Highlight: Shammi Thilakan, AMMA