വിമതര്‍ക്കൊപ്പം ചേര്‍ന്ന് ഒന്‍പതാമത്തെ മന്ത്രിയും; ഷിന്‍ഡെ ക്യാമ്പിലെ 20 പേര് ഉദ്ധവുമായി ബന്ധപ്പെടുന്നുണ്ടെന്ന് സൂചന
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ ഒരു മന്ത്രികൂടി വിമതപക്ഷത്ത്. ഉദ്ധവ് മന്ത്രിസഭയില്‍ അംഗമായ ഉദയ് സാമന്ത് ഗുവാഹത്തിയില്‍ ഇന്ന് എത്തി. ഒന്‍പതാമത്തെ മന്ത്രിയാണ് ഇതോടെ വിമതപക്ഷം ചേര്‍ന്നത്. വിമതനീക്കം ശക്തിപ്പെടുന്നതിനിടെ ഔദ്യോഗികപക്ഷം നിലപാട് കടുപ്പിക്കുന്നതായും സൂചനകളുണ്ട്. ഏക്നാഥ് ഷിന്‍ഡെ, ഗുലാബ്റാവു പാട്ടീല്‍, ദാദാ ഭൂസെ എന്നിവരെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കുമെന്നാണ് സൂചന. സഹമന്ത്രിമാരായ അബ്ദുള്‍ സത്താര്‍, ശംഭുരാജ് ദേശായ് എന്നിവര്‍ക്കും സ്ഥാനചലനമുണ്ടാകും.
ഇതിനിടെ വിമതപക്ഷത്തെ 20 എംഎല്‍എമാരുമായി ഉദ്ധവ് ഠാക്കറെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹോട്ടല്‍ വാസം നീളുന്നതും അവിശ്വാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിമതപക്ഷത്ത് തീരുമാനം ഉണ്ടാകാത്തതും വിമതരില്‍ അഭിപ്രായഭിന്നത സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപിയുമായി ചേരുന്നതില്‍ ഒരു പക്ഷത്തിന് അഭിപ്രായവ്യത്യാസമുണ്ട്. വിമതര്‍ക്കൊപ്പമുള്ള പ്രഹാര്‍ ജനശക്തി പാര്‍ട്ടിയില്‍ ലയിക്കുക എന്ന സാധ്യത ഷിന്‍ഡെയ്ക്ക് മുന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ 15 വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഔദ്യോഗിക പക്ഷത്തിനൊപ്പം നില്ക്കുന്ന ശിവസേനാ അണികള്‍ ചില വിമത എംഎല്‍എമാരുടെ ഓഫീസുകള്‍ അടിച്ചു തകര്‍ത്തതിനെത്തുടര്‍ന്നാണ് നീക്കം. ഇവര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: Maharashtra, Minister, Politics, Rebel