കൊച്ചിയിലെ ലഹരിവേട്ട: മുഖ്യ സൂത്രധാരൻ ശ്രീലങ്കൻ സ്വദേശി, ഗൂഢാലോചന മുംബൈയിൽ
കൊച്ചി ലഹരിക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. ലഹരിക്കടത്തിന്റെ മുഖ്യ ആസൂത്രകൻ ശ്രീലങ്കൻ സ്വദേശിയാണെന്നും ഹെറോയ്ൻ കടത്ത് സംബന്ധിച്ച് ഗുഢാലോചന നടത്തിയത് മുംബൈയിലെ ആഢംബര ഹോട്ടലിലാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമുൾപ്പെടെ മുംബൈയിൽ എത്തി ആസൂത്രണം നടത്തിയെന്ന് ഡി ആർ ഐ പറയുന്നു. മാർച്ച് 20 നാണ് 2,500 കോടിയോളം വിലവരുന്ന 217കിലോഗ്രാം ഹെറോയിന് കൊച്ചിയിൽ പിടികൂടിയത്.
ലിറ്റിൽ ജീസസ്, പ്രിൻസ് എന്നീ രണ്ട് ബോട്ടുകളിൽ നിന്നാണ് ലഹിരി വസ്തുക്കൾ പിടികൂടിയത്. കന്യാകുമാരിയിലെ കുളച്ചലിൽ നിന്നാണ് കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ ഡി ആർ ഐ ബോട്ടുകൾ പിടികൂടിയത്. ദക്ഷിണേന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ലഹരിവേട്ട കേസാണ് ഇത്. മൂന്ന് ബോട്ടുടമകളും 20 മത്സ്യത്തൊഴിലാളികളും കേസിൽ അറസ്റ്റിലായി.
മത്സ്യത്തൊഴിലാളികൾക്ക് ഫോണിലേക്ക് വന്ന് കോളുകളും അവർ വിളിച്ച നമ്പറുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം ബാലകൃഷ്ണയെന്ന ശ്രീലങ്കൻ സ്വദേശിയിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുംബൈയിലെ ഗൂഢാലോചന വ്യക്തമായത്.
കേസിലെ ഒന്നാം പ്രതി കുളച്ചൽ സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ്. പിടിയിലായ മുഴുവൻ ബോട്ടുടമകളെയും മുംബൈയിലേക്ക് കൊണ്ടുപോയത് ബാലകൃഷ്ണയാണ്. വിമാനമാർഗമാണ് ഇവരെ മുംബയിൽ എത്തിച്ചത്.
സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും ഡി ആർ ഐ അറിയിച്ചു.
Content Highlights: Heroin Case Kochi arrest