സംസ്ഥാനത്ത് മാസ്ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി; പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് പൊതുസ്ഥലത്തെ മാസ്ക് ഉപയോഗം കര്‍ശനമാക്കി. ജോലി സ്ഥലങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലും ഒത്തുചേരലുകള്‍, യാത്രകള്‍ എന്നിവയിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ജനങ്ങള്‍ മാസ്ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്കി. ഉത്തരവ് ലംഘിച്ചാല്‍ 2005ലെ ദുരന്ത നിവാരണ നിയമം അനുസരിച്ച് ശിക്ഷാനടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2994 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒരാഴ്ചയായി മൂവായിരത്തിലേറെ കോവിഡ് കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 40 മരണങ്ങളും ഒരാഴ്ചയ്ക്കിടെയുണ്ടായി. തിരുവനന്തപുരത്താണ് നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച 782 പുതിയ കേസുകള്‍ തിരുവനന്തപുരത്ത് രേഖപ്പെടുത്തി. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും കോവിഡ് ബാധ രൂക്ഷമാണ്.
Content Highlights: Mask, Covid 19, Pandemic, Kerala