കര്‍ണ്ണാടകയില്‍ ഭൂകമ്പം; പ്രകമ്പനം കാസര്‍കോടും അനുഭവപ്പെട്ടു
കര്‍ണാടകയിലെ സുള്ള്യയില്‍ ഭൂകമ്പം. 3.0 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. രാവിലെ 7.45ഓടെയായിരുന്നു സംഭവം. സുള്ള്യയിലെ ചില വീടുകളിലെ ചുമരുകളില്‍ വിള്ളലുണ്ടായിട്ടുണ്ട്. ജൂണ്‍ 25നും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അന്നുണ്ടായത്.
സുള്ള്യയിലെ ഭൂചലനത്തിന്റെ പ്രകമ്പനം കാസര്‍കോട്ടും അനുഭവപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി, കല്ലെപ്പള്ളി തുടങ്ങിയ ഇടങ്ങളില്‍ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. ജൂണ്‍ 25ന് അനുഭവപ്പെട്ടതിനേക്കാള്‍ വലിയ ശബ്ദം കേട്ടുവെന്നാണ് വിവരം.
വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാടുകളുണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
Content Highlights: Earthquake, Sullya, Karnataka, Kasarkode