സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാകില്ലെന്ന് ഇഡി
സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാകില്ലെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സുരക്ഷ ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹരജിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇ. ഡി ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷയാവശ്യമുള്ളപ്പോൾ ഇ. ഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കാറുള്ളത്. കേന്ദ്ര സർക്കാർ ഈ കേസിൽ കക്ഷിയല്ല. അതു കൊണ്ട് സ്വപ്നക്ക് കേന്ദ്രസേനകളുടെ സുരക്ഷ നൽകാനാകില്ലെന്നും ഇഡി പറഞ്ഞു.
മന്ത്രിയും കുടുംബവുമുൾപ്പടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്ന കെടി ജലീലിൻ്റെ പരാതിയിൽ സ്വപ്ന സുരേഷും പിസി ജോർജുമടക്കമുള്ളവർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനോട് തിങ്കളാഴ്ച ഹാജരാകാൻ പറഞ്ഞെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യൽ ഉള്ളതിനാൽ വരാൻ കഴിയില്ലെന്ന് സ്വപ്ന മറുപടി നൽകി ബന്ധപ്പെട്ട് വരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ട് സ്വപ്നക്ക് ഹാജരാകാൻ മറ്റൊരു ദിവസം അനുവദിച്ച് നോട്ടീസ് നൽകാനാണ് ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ പിസി ജോർജിന് ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജാരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും.