അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു; അമ്മ സ്വന്തം സ്വകാര്യവസ്തുവാണെന്ന് ഇടവേള ബാബു കരുതരുതെന്ന് ഗണേഷ് കുമാര്‍
ഇടവേള ബാബുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗണേഷ് കുമാര്‍. അമ്മ സ്വകാര്യവസ്തുവാണെന്ന് ഇടവേള ബാബു കരുതരുതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ ക്ലബ്ബാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നത് എന്തിനാണെന്ന് ഇടവേള ബാബു പറയണം. പ്രസ്താവന ആരെ രക്ഷിക്കാനാണെന്നും ക്ലബ്ബിന്റെ ഇംഗ്ലീഷ് അര്‍ത്ഥം പറയുന്നതിനു മുന്‍പായി ആ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ബാബു തയ്യാറാവട്ടെയെന്നും ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസിയുടെ വൈസ് ചെയര്മാന് സ്ഥാനത്ത് ഇരുത്തിയത് ഗണേഷ് കുമാറാണ്. അദ്ദേഹം അതു ചിലപ്പോള്‍ മറന്നിട്ടുണ്ടാകും. വൈസ് ചെയര്മാന് പോസ്റ്റ് മുന്‍പ് അവിടെയുണ്ടായിരുന്നില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് പരാമര്‍ശത്തില്‍ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ഗണേഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്ക് ഇടവേള ബാബു അമ്മയുടെ ഫെയിസ്ബുക്ക് പേജില്‍ മറുപടി പറഞ്ഞിരുന്നു. ക്ലബ്ബ് എന്ന വാക്കിന്റെ വിശദീകരണം വിക്കിപീഡിയ ഉദ്ധരിച്ചുകൊണ്ട് ഇടവേള ബാബു വിശദീകരിച്ചിരുന്നു
ബിനീഷ് കോടിയേരിയുടെയും ജഗതി ശ്രീകുമാറിന്റെയും പേരുകള്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ ഉദ്ധരിച്ചതിനെയും ഗണേഷ്കുമാര് വിമര്‍ശിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടര്‍ന്ന് ഒരിടത്തിരിക്കുമ്പോള്‍ ആരും ഓര്‍ക്കാത്ത ഒരു വിഷയം ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത് ഒട്ടും ശരിയായില്ല. ജഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ കേസില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു വലിയ നടനാണ്. അതൊക്കെ നടക്കുമ്പോള്‍ ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിലൊന്നുമില്ലെന്ന് ഗണേഷ് പറഞ്ഞു.
ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചര്‍ച്ച നടക്കുമ്പോള്‍ കൊട്ടാരക്കരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു താന്‍. ടിവി വാര്‍ത്തയില്‍ അമ്മ യോഗത്തില്‍ താനും മുകേഷും ശബ്ദമുയര്‍ത്തുന്നതായി വാര്‍ത്ത വന്നു. അച്ഛന് ബാലകൃഷ്ണപിള്ളയാണ് ഇത് ചൂണ്ടിക്കാണിച്ചത്. ഉടന്‍ തന്നെ ഇക്കാര്യം ഇടവേള ബാബുവിനോട് അന്വേഷിച്ചു. അതിനു ശേഷം ആ വാര്‍ത്ത കാണിച്ചില്ല. ബിനീഷ് കോടിയേരിയുടെ കേസ് വിജയ് ബാബു കേസ് പോലെയല്ല.
ബിസിനസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റാരോപണമാണ്. വിജയ് ബാബുവിന്റേത് ബലാല്സംഗക്കേസാണെന്നും അതിജീവിതയായ പെണ്‍കുട്ടിയെക്കുറിച്ച് സംസാരിച്ചതിന് ബാബു മറുപടി പറഞ്ഞിട്ടില്ലെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: AMMA, K B Ganesh Kumar, Edavela Babu, Vijay Babu, Jagathy Sreekumar, Mohanlal, Mammootty, Bineesh Kodiyeri