ഫഡ്നവിസ് മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യനും; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളുമായി ബിജെപി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയുടെ രാജിയ്ക്ക് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജൻ അറിയിച്ചു.
ദേവേന്ദ്ര ഫഡ്നവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോർട്ടുകൾ. ശിവസേന വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. നിർണായക തീരുമാനങ്ങൾക്കായി ബിജെപി ഇന്ന് യോഗം ചേരും. ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. അതേസമയം, ഏക്നാഥ് ഷിൻഡെ തന്നോടൊപ്പമുള്ള വിമത എംഎൽഎമാരോടൊപ്പം രാവിലെ യോഗം ചേരും.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ അംഗത്വത്തിൽ നിന്നും രാജിവച്ച ഉദ്ധവ് ഠാക്കറെ തൻ്റെ വൈകാരികമായ രാജിപ്രഖ്യാപന പ്രസംഗത്തിലുടനീളം സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരെ സ്പര്‍ശിക്കാനുള്ള ശ്രമമാണ് നടത്തിയത്. മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിമാരിൽ ഇനി മകൻ ആദിത്യ താക്കറെ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്.