പരിസ്ഥിതി ലോലമേഖല; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും
പരിസ്ഥിതി ലോലമേഖലാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും. സുപ്രീം കോടതി വിധിയില്‍ വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമനിര്‍മാണ സാധ്യതകള്‍ വിലയിരുത്താന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരിസ്ഥിതി ലോലമേഖല സംബന്ധിച്ച ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോലമേഖലയായി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ജനവാസ മേഖല ഒഴിവാക്കിക്കൊണ്ട് പരിസ്ഥിതിലോല മേഖല പുനര്‍നിശ്ചയിക്കണമെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വിജ്ഞാപന നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇത് ഒരാഴ്ചയ്ക്കകം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
നിലവില്‍ പരിസ്ഥിതി ലോലമേഖലയിലുള്ള കെട്ടിടങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്തും. ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതു വരെ കേന്ദ്രവുമായി ബന്ധപ്പെടാന്‍ വനം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു.
Content Highlights: Ecological sensitive zone, Forest, Chief Minister