ശിവസേന വിമതരുടെ 8 ദിവസത്തെ താമസം; ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലെ ബില്ല് 70 ലക്ഷം രൂപയോളം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശിവസേനയിലെ മറ്റ് വിമത എംഎൽഎമാരും ഗുവാഹത്തിയിൽ ആഡംബര ഹോട്ടലിൽ എട്ടുദിവസത്തെ താമസത്തിനായി ചെലവഴിച്ചത് ഏകദേശം 70 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. ബുധനാഴ്ച ചെക്കൗട്ട് ചെയ്യുന്നതിന് മുൻപായി മുഴുവൻ ബിൽ തുകയും തീർത്ത് കൊടുക്കുകയും ചെയ്തെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ജലൂക്ബാരിയ്ക്കടുത്തുള്ള ഗോത്താനഗറിൽ സ്ഥിതി ചെയ്യുന്ന റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ഏക്നാഥ് ഷിൻഡേ അടക്കമുള്ള ശിവസേന വിമതർ താമസിച്ചിരുന്നത്. എംഎൽഎമാർക്കും അവരുടെ സഹായിമാർക്കുമായി മൊത്തം 70 മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്. ജൂൺ 22 മുതൽ 29 വരെ റസ്റ്റോറൻ്റ്, ബാങ്ക്വറ്റ് ഹാൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ ഹോട്ടലിലെ താമസക്കാരല്ലാത്ത ഉപഭോക്താക്കൾക്ക് നൽകിയിട്ടില്ല.
അതേസമയം, മഹാരാഷ്ട്രയിലെ സാമാജികർ തങ്ങളുടെ സാധാരണ അതിഥികളെപ്പോലെ മുറികളിൽ താമസിക്കുക മാത്രമായിരുന്നുവെന്നും പോകുന്നതിന് മുൻപ് ബില്ലുകളെല്ലാം അടച്ചിരുന്നു എന്നും ഹോട്ടൽ അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.