എ കെ ജി സെന്ററിലേക്ക് ബോംബെറിഞ്ഞ സംഭവം; അടിയന്തര പ്രമേയത്തിന് അനുമതി
എ കെ ജി സെന്ററിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചക്ക് ഒരു മണിക്ക് ചർച്ച തുടങ്ങും. രണ്ട് മണിക്കൂർ ചർച്ച നീളും.സംഭവത്തെ ഭീതിയോടെ മാത്രമേ കാണാനാവൂ എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. പ്രതിപക്ഷത്ത് നിന്ന് പി സി വിഷ്ണുനാഥാണ് അവതരണാനുമതി നേടിയത്. എ കെ ജി സെന്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനമൊട്ടുക്കും കോൺഗ്രസ് ഓഫീസുകൾ അതിക്രമത്തിനിരയായെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്ന് നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ വലിയ വിമർശനമാണ് പൊലീസ് നേരിടേണ്ടി വരുന്നത്. എ കെ ജി സെന്റർ ആക്രമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാളെ മാത്രമാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. അയാൾക്ക് സംഭവത്തിൽ ബന്ധമില്ലെന്ന് തെളിഞ്ഞതോടെ വെറുതെ വിടുകയും ചെയ്തു.
എ കെ ജി സെന്ററിലേക്കു വരുന്ന വഴിയിലുള്ള അൻപതോളം സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവെങ്കിലും അതിക്രമം നടത്തിയ ആളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ചുവന്ന സ്കൂട്ടറിലെത്തിയ ഒരാൾ അക്രമിക്ക് കവർ കൈമാറി എന്ന് മാത്രമാണ് ഈ കേസിൽ പൊലീസിന് ലഭിച്ചിരിക്കുന്ന ഏക തെളിവ്.
Content Highlights: AKG Center attack Discuss Adjournment Motion Niyama Sabha