വിശ്വാസവോട്ടെടുപ്പ് ജയിച്ച് ഏക്നാഥ് ഷിന്‍ഡെ, 164 പേരുടെ പിന്തുണ
മഹാരാഷ്ട്രയില്‍ നടന്ന വിശ്വാസവോട്ടെടുപ്പിൽ ജയിച്ച് ഏക്നാഥ് ഷിന്‍ഡെ. 164 പേരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ടെടുപ്പില്‍ ഏക്നാഥ് ഷിന്‍ഡെ ജയിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 143 പേരുടെ പിന്തുണയായിരുന്നു. 40 ശിവസേന എംഎല്‍എമാരാണ് ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. കൂടാതെ രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കപ്പൊം ചേര്‍ന്നു. 99 അംഗങ്ങളാണ് ഷിന്‍ഡെയ്ക്ക് എതിരായി വോട്ട് രേഖപ്പെടുത്തിയത്.
മൂന്ന് അംഗങ്ങള്‍ ഇന്ന് നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിന് 164 പേരുടെ വോട്ട് കിട്ടിയിരുന്നു. ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ ഏറെ നാടകീയതയ്ക്കൊടുവിലാണ് മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസുമാണ് ചുമതലയേറ്റത്.
മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സ്ഥാനം ഏൽക്കുകയായിരുന്നു. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ നടന്നത്. അതെസമയം ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചട്ടുണ്ട്. അടിയന്തരമായി ഹര്‍ജി കേള്‍ക്കാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു .