എ കെ ജി സെന്റര് ആക്രമണം; 6 ദിവസമായിട്ടും പ്രതികളെ പിടികൂടിയില്ല
എ കെ ജി സെന്റർ ആക്രമണം നടന്ന് ആറ് ദിവസമായിട്ടും പ്രതിയെ കുറിച്ച് ഒരു വിവരവും ഇല്ലാതെ കേസ് അന്വേഷണണം വഴി മുട്ടി നിൽക്കുകയാണ്. മൂന്ന് ടവറുകളിൽ നിന്നായി സംഭവ ദിവസത്തെ ആയിരത്തിലേറെ വരുന്ന കോളുകളും 50 ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും ഇതുവരെ തെളിവെന്നും കിട്ടിയില്ല. കേസുമായി എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ പൊലീസ്.
കേരളമാകെ വലിയ ചർച്ചയായതും തലസ്ഥാന നഗരത്തിൻറെ മധ്യത്തിൽ നടന്നതുമായ സംഭവം. പിന്നിൽ കോൺഗ്രസ് എന്ന് മുതിർന്ന സിപിഎം നേതാക്കൾ ആക്ഷേപിച്ചതുമായ കേസിൽ തെളിവുകൾ ഒന്നും ഇതുവരെ ലഭിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
പ്രതി വന്ന വാഹനത്തിൻ്റെ നമ്പർ പോലും തിരിച്ചറിയാനാകാത്ത വിധം എകെജി സെൻ്ററിൻ്റെ സിസിടിവിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു എന്നതാണ് പ്രധാന പ്രശ്നം. പിന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യലാണ്. അങ്ങിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആർക്കും സംഭവത്തിലെ പങ്ക് തെളിയിക്കാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിൽ നിന്നായി ആയിരത്തിലേറെ കോളുകളാണ്. എകെജി സെൻ്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സിസിടിവി ദൃശ്യങ്ങലും പോലീസ് പരിശോധിച്ചിരുന്നു എന്നിട്ടും ഫലമൂന്നും ലഭിച്ചില്ല.
രണ്ട് ഡിവൈഎസ്പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരും ഉൾപ്പെട്ടവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. എന്നിട്ടും ഒരു എത്തുംപിടിയുമില്ലാതെ നട്ടം തിരിയുകയാണ് അന്വേഷണ സംഘം. അപ്പോൾ ആരാണ് പിന്നിൽ, ഇനി എങ്ങിനെ കണ്ടെത്തുമെന്ന വലിയ ചോദ്യത്തിന് ഇതുവരെ ഉത്തരമൊന്നും ലഭിച്ചിട്ടില്ല. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും പ്രതിയെ കിട്ടാത്തത് പൊലീസിനും സർക്കാറിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്.
Content Highlight: AKG Center Attack, 6 days, accused, not caught