വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; സുപ്രീംകോടതി
ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകന് ആരോപിച്ചിരുന്നു. ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ഗൌരവമേറിയ സംഭവമാണെന്ന് കോടതി അംഗീകരിച്ചു.
പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്പോൾ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പരാതി പിൻവലിക്കാൻ വൻ സമ്മർദ്ദമുണ്ടെന്ന് നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മറ്റൊരു രാജ്യത്തേക്ക് കടന്നയാൾക്ക് മുൻകൂർ ജാമ്യം നല്‍കിയത് തെറ്റായ സന്ദേശം നല്‍കുമെന്നും അഭിഭാഷകൻ വാദിച്ചു.
വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിയിൽ ഭേദഗതി വരുത്തി ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളു എന്നതിൽ വ്യക്തത വരുത്തി. ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. നടിക്കെതിരെ വിജയ് ബാബു സാമൂഹ്യമാധ്യമ പോസ്റ്റുകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Content Highlights: Vijaybabu, anticipatory bail, Supreme Court