അമര്‍നാഥ് മേഘവിസ്ഫോടനം; മരിച്ചവര്‍ 15 ആയി, 40ഓളം പേരെ കാണാനില്ല
ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപമുണ്ടായ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 15 ആയി. 40ഓളം പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ വൈകിട്ട് 5.30തോടെയാണ് പ്രദേശത്ത് മേഖവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന താത്കാലിക ടെന്റുകളും ഭക്ഷണശാലകളും പ്രളയത്തില്‍ തകര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 25 ടെന്റുകളും 3 ഭക്ഷണശാലകളും പ്രളയത്തില്‍ തകര്‍ന്നു. അമര്‍നാഥ് ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില് നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര് ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തമുണ്ടായതിനു പിന്നാലെ ജൂണ്‍ 30ന് ആരംഭിച്ച അമര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ഉര്‍ജിതമായി തുടരുകയാണ്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. മഴ തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഇന്‍ഡോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ ടി ബി പി) വക്താവ് അറിയിച്ചു. പ്രളയം കടന്നുപോയ പ്രദേശമായതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായും അദ്ദേഹം അറിയിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴപെയ്യുകയും ഇതിനെത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടാവുകയും ചെയ്യുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനം. 2018ല്‍ കേരളത്തില്‍ പ്രളയത്തിന് കാരണമായത് മേഘവിസ്ഫോടനമായിരുന്നെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂണ്‍ 30നായിരുന്നു അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്. ഇതിനുശേഷം ഒരു ലക്ഷത്തിനുമേല്‍ തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ എത്തിയതായാണ് കണക്കുകള്‍.
Content Highlight: Amarnath Cloud Burst, Jammu Kashmir, Death Toll, Rescue Operation