പ്രതിപക്ഷ നേതാവിന് ആർ.എസ്.എസിന്റെ നോട്ടീസ്; നിയമപരമായി നേരിടുമെന്ന് വി ഡി സതീശൻ
മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനക്കെതിരായ പ്രസംഗത്തിലെ വാചകങ്ങൾ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്സിലേതാണെന്ന പരാമർശത്തിനെതിരെ ആർ എസ് എസിന്റെ കത്ത്. സജി ചെറിയാൻ പ്രസംഗത്തിൽ ഉപയോഗിച്ച വാചകങ്ങൾ ബഞ്ച് ഓഫ് തോട്സിൽ എവിടെയെന്ന് അറിയിക്കണം. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ആർ എസ് എസ് അയച്ച കത്തിൽ പറയുന്നു.
ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കകത്തില്‍ സജി ചെറിയാന് പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന് പറഞ്ഞ വാക്കുകളില്ലെന്ന് ആവർത്തിച്ചു പറയുകയാണ് ആർ എസ് എസ്.
എന്നാൽ ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്സിലെ വാക്കുകള്‍ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര് എസ് എസ് നോട്ടീസയച്ചത് വിചിത്രമാണെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ നോട്ടീസിനെ നിയമപരമായി നേരിടും. വിചാരധാരയിലെ വരികളും സജി ചെറിയാന്റെ വാക്കുകളും തമ്മിൽ എന്താണ് വ്യത്യാസമെന്നും സതീശന് ചോദിച്ചു. ആർ എസ് എസിന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ആരെ പേടിപ്പിക്കാനാണ് നോട്ടീസെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നാണ് ആർഎസ്എസ് സതീശന് നല്കിയ നോട്ടിസില്‍ പറയുന്നത്. പറഞ്ഞകാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ആർഎസ് എസിനെ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സജി ചെറിയാൻ രാജിവയ്ക്കണമെന്നു പറഞ്ഞുള്ള വാർത്താ സമ്മേളനത്തിലും തുടർന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആർഎസ്എസിന്റെ ഭാഷയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: RSS notice, opposition leader, V D Satheesan, legal action