കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയിൽ നിലപാട് അറിയിക്കാൻ സമയം നീട്ടി വാങ്ങി സർക്കാർ
പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജികളിൽ നിലപാടറിയിക്കാൻ സർക്കാർ സാവകാശം തേടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു.
ക്രിമിനൽ ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സ്വപ്ന നടത്തിയത്. പോലീസിനോ മറ്റ് ഏജൻസികൾക്കെതിരെയോ പരാതി ഉണ്ടായിരുന്നുവെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. അതിന് പകരം രഹസ്യമൊഴി നൽകുകയാണ് ചെയ്തത്.ഇതിന്റെ പിന്നിൽ വിവാദം സൃഷ്ടിക്കലായിരുന്നു സ്വപ്നയുടെ ലക്ഷ്യമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് കേസെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. തിരുവനന്തപുരത്ത് കെ.ടി ജലീലിന്റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസും, പാലക്കാട്ട് സി പി എം നേതാവ് സി പി പ്രമോദിന്റെ പരാതിയിന്മേലെടുത്ത കലാപശ്രമക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ പരിഗണനയിൽ ഉള്ളത്.
ഹർജികൾ ഹൈക്കോടതി അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.
ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് സ്വപ്ന കഴിഞ്ഞ ദിവസം ഉപഹർജി സമർപ്പിച്ചിരുന്നു.
Content Highlights : Swapna Suresh Case at High Court