ആര് ശ്രീലേഖയുടെ വിവാദ വീഡിയോ; പൊലീസ് അന്വേഷണം തുടങ്ങി
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് യൂട്യൂബ് വീഡിയോയിലൂടെ ക്ലീൻ ചിറ്റ് നൽകിയ ശ്രീലേഖ ഐ പി എസിനെതിരെ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ പരിശോധിക്കും. മനുഷ്യാവകാശ പ്രവർത്തകയും, അതിജീവിത ഉൾപ്പെടെയുള്ള കൂട്ടായ്മയിലെ അംഗംകൂടിയായ കുസുമം ജോസഫ് നൽകിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവും.
യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലേഖ പുറത്തു വിട്ട വീഡിയോയിലെ പരാമര്‍ശങ്ങളിലാണ് അന്വേഷണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഫ: കുസുമം ജോസഫ് ശ്രീലേഖയ്ക്ക് എതിരെ തൃശൂർ റൂറൽ എസ് പിക്കാണ് പരാതി നൽകിയത്. പൾസൾ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് കുസുമം ജോസഫ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ മുൻ ജയിൽ മേധാവി കൂടിയായ ശ്രീലേഖ ഐ പി എസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൾസര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിവാദ വീഡിയോ പരിശോധിക്കുന്നുണ്ട്. കേസെടുക്കണമോ എന്ന കാര്യത്തിൽ അടക്കം ഇതിനുശേഷമായിരിക്കും തീരുമാനം ആകുക. പരാതി നൽകിയ കുസുമം ജോസഫ് അതിജീവിതയുടെ കൂട്ടായ്മയിലെ അംഗവും മനുഷ്യാവകാശ പ്രവർത്തകയുമാണ്.
Content Highlight: R Sreelekha, Dileep Case, Actress Assault Case