ബൈജൂസ് ലേണിങ് ആപ്പിനെതിരെ കർണാടക ഉപഭോക്തൃ ഫോറം
നിലവാരമില്ലാത്ത പഠന സാമഗ്രികളും ടാബ്ലെറ്റുകളും നൽകിയ പരാതിയിൽ പ്രമുഖ ഓൺലൈൻ പഠന ആപ്പ് ആയ ബൈജൂസിനെതിരെ കോടതി നടപടി. ഫീസായി അടച്ച 99,000 രൂപ 12 ശതമാനം പലിശസഹിതം പരാതിക്കാർക്ക് നഷ്ടപരിഹാരമായി 25,000 രൂപയും വ്യവഹാര ചെലവിനായി 5,000 രൂപയും തിരികെ നൽകണമെന്നും ബൈജൂസിനോട് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ബൈജൂസിന്റെ പ്രതിനിധികൾ മഞ്ജു ആർ ചന്ദ്ര എന്ന യുവതിയെ സന്ദർശിച്ച് കുട്ടികൾക്കുള്ള ലേണിംഗ് ആപ്പ് ഉപയോഗിക്കാനായി ആവശ്യപ്പെട്ടു. കുട്ടികൾക്ക് 25,000 രൂപ വിലയുള്ള രണ്ട് ടാബുകൾ നൽകുമെന്നും പ്രതിനിധി പറഞ്ഞു. വരിസംഖ്യ ഇഎംഐ ആക്കി മാറ്റാമെന്ന വാഗ്ദാനത്തിൽ മഞ്ജുവും ബന്ധുവുമായ മധുസൂധനയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 99,000 രൂപ നൽകി.
എന്നാൽ, ലഭിച്ച പഠനസാമഗ്രികൾക്കും ടാബ്ലെറ്റുകൾക്കും തങ്ങൾ നൽകിയ പണത്തിന്റെ വിലയില്ലെന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇരുവരും മനസിലാക്കി. ഇതേത്തുടർന്ന് മഞ്ജുവും മധുസൂധനയും വരിക്കാരല്ലാതാകുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ബൈജൂസിന് ഇമെയിലുകൾ അയയ്ക്കുകയും ഫോൺ വിളിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അവർ ബൈജൂസ് നടത്തുന്ന ടിങ്ക് ആൻഡ് ലെൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരാതിയുമായി ബെംഗളൂരു റൂറൽ ആൻഡ് അർബൻ ഒന്നാം അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ് കൊടുത്തു.
കോടതിയിൽ, അവർ പണമടച്ചതിന്റെ തെളിവും നൽകിയ ഉൽപന്നങ്ങളും ഹാജരാക്കി. വക്കീൽ നോട്ടീസ് നൽകിയിട്ടും ഫോറത്തിന് മുമ്പാകെ ഹാജരാകുന്നതിൽ ബൈജൂസ് പരാജയപ്പെട്ടതോടെ എക്സ് പാർട്ടിയായി പ്രഖ്യാപിച്ചു. ഉപഭോക്തൃ കോടതി ബൈജൂസിന്റെ ഭാഗത്ത് സേവന പോരായ്മ ഉണ്ടെന്ന് വിലിരുത്തി.
Content Highlight: Byju’s App, Karnataka Consumer Forum