നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ അതിജീവിത നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്തുള്ളതാണ് ഹർജി.
അഭിഭാഷകർക്കെതിരെ അന്വേഷണമാകാമെന്ന് കോടതിപോലും അനുമതി നൽകിയിട്ടും ഉന്നത സമ്മർദത്തെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിൻവലിഞ്ഞതെന്നാണ് അതിജീവിതയുടെ ആരോപണം. അതേസമയം, തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി മറ്റന്നാള്‍ അവസാനിക്കും. മെമ്മറി ഫോറന്‍സിക് പരിശോധനാ ഫലം കൂടി പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോര്‍ട്ട് നല്കുന്നതില് തീരുമാനമാവുക. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. വിചാരണാ നടപടികള്‍ വൈകാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: Actress assault case, Atijeetha, plea , High Court ,