അട്ടപ്പാടിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം.
അട്ടപ്പാടിയിലെ മുരുഗള ഊരില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ചചെയ്യാന്‍ മണ്ണാർക്കാട് എം എല്‍ എ ഷംസുദ്ദീന് ആണ് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങൾക്ക് സമാനമായി കാര്യം ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് പറയേണ്ടിവരും. ഈ മാസം മാത്രം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടി ഊരില്‍ മരിച്ചത്. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല. അവശ്യസ്തുക്കളുടെ ലഭ്യതക്കുറവുമുണ്ടെന്നും പറഞ്ഞ എം എൽ എ ആശുപത്രി കാന്റീന് ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണെന്നും സഭയെ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഷംസുദ്ദീന് നിയമസഭയിൽ പറഞ്ഞു.
എന്നാല്‍ ഈ പറയുന്ന പ്രതിസന്ധിയൊന്നും അവിടെയില്ലെന്നും മഴയില്‍ റോഡില്‍ ചെളി നിറഞ്ഞതുകൊണ്ട് ഊരിലേക്ക് വാഹനസൗകര്യം ഇല്ലാത്തതാണ് പ്രശ്നമെന്നുമായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്റെ മറുപടി. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്നും ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരില്‍ വാഹന സൗകര്യക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഗതാഗത പ്രശ്നം തീര്‍ക്കാന്‍ പ്രത്യക പാക്കേജ് നടപ്പാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ. രാധാകൃഷ്ണന് വിശദീകരിച്ചു.
മുരുഗള ഊരില്‍ മരിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിശദീകരിച്ചു. കുഞ്ഞിന് ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നു. അട്ടപ്പാടിയിലെ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയു അടക്കം ഒരുങ്ങുകയാണ്, കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യം ഉണ്ട്. ഷംസുദ്ദീീന്‍ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇരു മന്ത്രിമാരുടേയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനിടെ ഷംസുദ്ദീന് കോട്ടത്തറ ആശുപത്രി സന്ദര്‍ശിക്കണമെന്ന വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് , മണ്ണാർക്കാട് എംഎല്‍എയെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു, ഓട് പൊളിച്ചു വന്നതല്ല ഷംസുദ്ദീനെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ആവർത്തിച്ചു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Content Highlights: case , death , baby , Attapadi, government , opposition ,Legislative Assembly,