മെന്റര്‍ വിവാദം; മുഖ്യമന്ത്രിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ആരാഞ്ഞ് സ്പീക്കര്‍
മെന്റര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് പറയാനുള്ളതെന്ന് ആരാഞ്ഞ് സ്പീക്കര്‍ എം ബി രാജേഷ്. മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ അവകാശലംഘന നോട്ടീസിലാണ് നടപടി. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്നാടന് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്.
ജൂലൈ ഒന്നിനാണ് നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്നാടന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനി വെബ്സൈറ്റില്‍ പി ഡബ്ല്യു സി ഡയറക്ടറായ ജെയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്ന് വീണ വിജയന് പറഞ്ഞുവെന്ന വിഷയമാണ് കുഴല്നാടന് ഉന്നയിച്ചത്. എന്നാല്‍ തന്റെ മകള്‍ അത്തത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴല്നാടന് പറയുന്നത് പച്ചകള്ളമാണെന്നും മുഖ്യമന്ത്രി അന്ന് പ്രതികരിച്ചിരുന്നു.
തൊട്ടടുത്ത ദിവസം എക്സാലോജിക്കിന്റെ വെബ്സൈറ്റ് ആര്‍ക്കൈവ്സ് ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് താന്‍ പറഞ്ഞത് ശരിയാണെന്നും കുഴല്നാടന് സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ചാണ് അവകാശലംഘനത്തിന് മാത്യു കുഴൽനാടൻ നോട്ടീസ് നൽകിയത്. ഒരു അംഗം അവകാശലംഘനത്തിന് നോട്ടീസ് നല്കിയാല് അത് ആര്‍ക്കെതിരെയാണോ നല്‍കിയത് അവരോട് സ്പീക്കര്‍ വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നടപടിയാണ്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Mentor Controversy, Speaker , Chief Minister , Pinarayi Vijayan