നടിയെ ആക്രമിച്ച കേസ്: മുന്‍ ഡി.ജി.പി ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുന്‍ ജയില്‍ ഡി.ജി.പി ആർ ശ്രീലേഖയെ ചോദ്യംചെയ്യണമെന്നും തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വിചാരണ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ട് ശ്രീലേഖ യുട്യൂബ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. കേസിൽ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നും അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും ഉയർത്തിയിരുന്നു. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു.
ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് താൻ പറഞ്ഞപ്പോൾ ഒരു സീനിയർ ഉദ്യോഗസ്ഥൻ സമ്മതിച്ചുവെന്നുമാണ് ശ്രീലേഖ പറയുന്നത്. കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തെഴുതിയത് സുനിയല്ല മറിച്ച് സഹതടവുകാരൻ വിപിൻ ലാലാണ് കത്തെഴുതിയതെന്നും പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
Content Highlights: Actress assault case, Investigation, interrogate, former DGP Srilekha