മിന്നൽപരിശോധനയിൽ 10 ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു
പഴനിയിലുള്ള കടകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ പത്ത് ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പഴനി നഗരസഭ അധികൃതർ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ ചായക്കപ്പ്, പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ പത്ത് ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
സംഭവത്തോടനുബന്ഥിച്ച് ഇവരിൽ നിന്ന് മുപ്പതിനായിരം രൂപ പിഴ ഈടാക്കുകയും ഒരു ഗോഡൗണിന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കുകയും ഗോഡൗൺ അടച്ചുപൂട്ടുകയും ചെയ്തു. പഴനിയിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്നതായി പരാതികൾ ഉയർന്നിതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം പഴനി നഗരസഭ കമ്മിഷണർ കമല, ഹെൽത്ത് ഓഫീസർ ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽപരിശോധന നടത്തിയത്.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൈവശമുള്ള കടയുടമകൾ അവ എത്രയും വേഗം നഗരസഭാധികൃതരെ ഏൽപ്പിക്കണമെന്നും പരിശോധനയിൽ പിടിച്ചെടുത്താൽ വൻ തുക പിഴ ചുമത്തുമെന്നും നഗരസഭ കമ്മിഷണർ അറിയിച്ചു.
Content Highlights: 10 ton, banned plastic ,seized , inspection