25 കിലോ വരെ ജിഎസ്ടി ;
അരിച്ചാക്ക് ഇനി 30 കിലോയിൽ
ജി.എസ്.ടി ഏർപ്പെടുത്തിയതോടെ 25 കിലോ അരിച്ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. പകരം 30 കിലോയുടെ അരിച്ചാക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. മില്ലുടമകൾക്ക് ഇതിനുള്ള നിർദേശം നൽകിക്കഴിഞ്ഞു. 50 കിലോയുടെ അരിച്ചാക്ക് ഉണ്ടെങ്കിലും ചില്ലറ വ്യാപാരികളാണ് അത് വാങ്ങുന്നത്.
അഞ്ചുശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരിക്കുന്നത് 25 കിലോയുള്ളവയ്ക്കും അതിനു താഴെയുള്ളവയ്ക്കുമാണ്. 25 കിലോയുടെ അരിച്ചാക്കാണ് സംസ്ഥാനത്ത് സാധാരണക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്നത്. ഇതിന്റെ വില വർദ്ധനവ് ഒഴിവാക്കാനാണ് ഈ നീക്കം. ജി.എസ്.ടി നയം നിലവിൽ വന്നതോടെ 25 കിലോ അരിച്ചാക്കിന് 42 രൂപയിലധികം വർധിച്ചതായി വ്യാപാരികൾ പറഞ്ഞു. മൊത്തവിപണിയില് എല്ലാ അരിക്കും കഴിഞ്ഞ ആഴ്ചയില് 2-3 രൂപ കൂടിയിട്ടുണ്ട്. ജി.എസ്.ടി.കൂടി ഇതിനു പുറമേ വന്നതോടെ വിലകയറി.
പയര്വര്ഗങ്ങള്ക്ക് ജി.എസ്.ടി. ഏര്പ്പെടുത്തിയിട്ടുണ്ടെങ്കിലും മൊത്തവ്യാപാരികളെ ഇത് ബാധിക്കില്ല. പയർവർഗങ്ങൾക്ക് നിലവിൽ വില കൂടുകയാണ്. മൂന്നുരൂപയുടെ വില മൊത്തവിപണിയിൽ വര്ധിച്ചിട്ടുണ്ട്. പയര്വര്ഗങ്ങള് എത്തുന്നത് 30-50 കിലോ ചാക്കുകളിലാണ്. എന്നാല്, സൂപ്പർമാർക്കറ്റിൽ വിൽക്കുന്ന പയര്വര്ഗങ്ങള്ക്ക് വിലകൂടും. ഇവ പാക്കുചെയ്ത് വിൽക്കുന്നതിനാൽ അഞ്ചുശതമാനം ജി.എസ്.ടി. നല്കേണ്ടിവരും. അതേസമയം ചില്ലറവ്യാപാരികൾ കൊടുക്കുന്ന സാധനങ്ങൾക്ക് ജി.എസ്.ടി നൽകേണ്ട. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സൂപ്പര്മാര്ക്കറ്റ് വെല്ഫെയര് അസോസിയേഷന് ഓഫ് കേരള പ്രതിനിധി മുസ്തഫ ഡേ മാര്ട്ട് പറഞ്ഞു.
സാധാരണക്കാർക്ക് ഇരുട്ടടിയാണ് ജി.എസ്.ടി. ഏര്പ്പെടുത്തിയതോടെ വന്നിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ഇതില്നിന്ന് പിന്മാറാന് തയ്യാറാകണമെന്ന് ദി കാലിക്കറ്റ് ഫുഡ് ഗ്രെയിന്സ് ആന്ഡ് പ്രൊവിഷന്സ് മര്ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ശ്യാം സുന്ദറും സെക്രട്ടറി ബഷീര് അഹമ്മദും ആവശ്യപ്പെട്ടു. ജി.എസ്.ടി. കൗണ്സിലിനെ വ്യാപാരികളുടെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
Content Highlights – GST, Rice Pack, Food Grains