പശ്ചിമ ബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിൽ; E D യുടെ അറസ്റ്റ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് അനധികൃത പണം പിടിച്ചെടുത്തതിന് പിന്നാലെ
പശ്ചിമ ബംഗാൾ മന്ത്രി പാർഥ ചാറ്റർജിയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അനുയായിയുടെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 20 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. പാർഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വീട്ടിൽനിന്നാണ് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തത്. മമത മന്ത്രിസഭയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയാണ് പാർഥ ചാറ്റർജി.
കഴിഞ്ഞ ദിവസം അർപ്പിതയുടെ വീട്ടിൽ നടന്ന റെയ്ഡിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും, പ്രൈമറി എജ്യുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽനിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ.ഡിയുടെ നിഗമനം . 2000, 500 രൂപാ നോട്ടുകളായാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് പണം എണ്ണി പൂർത്തിയാക്കിയത്.
പാർഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് അർപ്പിത മുഖർജിയെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്. ബംഗാളി, ഒഡിയ തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് അർപ്പിത. 2019ലും 2020ലും പാർഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മിറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗാപൂജാ കമ്മിറ്റികളിലൊന്നാണ് പാർഥ ചാറ്റർജിയുടെ കമ്മിറ്റി.
Content Highlights: WB minister Partha Chatterjee arrested by ED