അവിവാഹിതയായ അമ്മയുടെ മക്കളുടെ രക്ഷാകർതൃത്വത്തിൽ അച്ഛന് പങ്കില്ല; കർണൻമാർക്കും അന്തസോടെ ജീവിക്കാൻ അവസരമുണ്ടാവണം- ഹൈക്കോടതി
അച്ഛനാരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റടക്കമുള്ള എല്ലാ രേഖകളിൽ നിന്നും നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിവാഹിതയല്ലാത്ത അമ്മയുടെ മകനും ഈ രാജ്യത്തെ പൌരൻ തന്നെയാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി നല്കാന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മഹാഭാരതകഥയിലെ ‘കര്‍ണ്ണന്റെ’ ദുരിതപര്‍വം വിവരിക്കുന്ന കഥകളിപദങ്ങൾ ഉദ്ധരിക്കുന്നതാണ് വിധിന്യായം. പുതിയകാലത്തെ ‘കര്ണ്ണന്’മാര്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും ഭരണഘടനക്കോടതികളും ഉറപ്പുവരുത്തും
. രണ്ടാഴ്ചയ്ക്കുള്ളില്‍ ജനനസര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ മാത്രം പേര് ഉള്‍പ്പെടുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന അപേക്ഷയിൽ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് മുതല്‍ പാസ്പോര്‍ട്ട് വരെയുള്ള സര്‍ട്ടിഫിക്കറ്റില്‍നിന്നും പിതാവിന്റെ പേര് ഒഴിവാക്കി പുതുക്കി നൽകണം.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അജ്ഞാതനായ ആളിൽ നിന്ന് ഗര്‍ഭിണിയായ അമ്മയുടെ മകനായിരുന്നു ഹര്ജിക്കാരന്. അമ്മയും ഹര്‍ജിക്കാരിയായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ഉള്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു ആവശ്യം.
ഹര്‍ജിക്കാരന്റെ ജനന സര്‍ട്ടിഫിക്കറ്റ്,എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട് എന്നിവയില്‍ പിതാവിന്റെ പേര് മൂന്ന് തരത്തിലായിരുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നിരസിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹിതരല്ലാത്ത അമ്മമാരുടെയും ബലാത്സംഗത്തിനിരയായ അമ്മമാരുടെയും മക്കള്‍ക്കും അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണം. പ്രത്യുല്പാദനക്കാര്യത്തിലുള്ള തെരഞ്ഞെടുപ്പ് സ്ത്രീയുടെ മൗലികാവകാശമാണെന്ന് നേരത്തെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയതാണ്.
സര്‍ട്ടിഫിക്കറ്റില്‍ സിംഗിള്‍ പേരന്റിന്റെ പേര് മാത്രം രേഖപ്പെടുത്താന്‍ അനുമതി നല്കി എ.ബി.സി കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഉണ്ടാകുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനായി പ്രത്യേക ഫോറം വേണമെന്ന് ഹൈക്കോടതിയും മുന്‍പ് ഉത്തരവിട്ടുണ്ട്.
എ.ബി.സി.കേസില്‍ സുപ്രീംകോടതി 2015 ജൂലൈ ആറിന് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അമ്മയുടെ പേര് മാത്രം രേഖപ്പെടുത്തി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന അപേക്ഷ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ അമ്മ നല്കുന്ന സത്യാവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ് ഇക്കാര്യം കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതിന് തുടര്‍ച്ചയായി നിര്‍ദ്ദേശിച്ചത്.
മഹാഭാരത കഥയിലെ സൂര്യനിൽ നിന്ന് ഗർഭിണിയായ കുന്തിയുടെ മകൻ കര്‍ണ്ണന്റെ ദുരിതപര്‍വം അടിസ്ഥാനമാക്കി മാലി മാധവന് നായര്‍ രചിച്ച ‘കര്‍ണ്ണശപഥം’ ആട്ടക്കഥയിലെ വരികൾ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: High Court of Kerala on Unmarried Mother and Child