റിസോർട്ടിന്റെ മറവിൽ വ്യഭിചാര കേന്ദ്രം; മേഘാലയയിലെ ബി ജെ പി നേതാവിനായി തെരച്ചിൽ കടുപ്പിച്ച് പൊലീസ്, 73 പേർ അറസ്റ്റിൽ
റിസോര്‍ട്ടിന്റെ മറവില്‍ വ്യഭിചാര കേന്ദ്രം നടത്തിയെന്ന കേസില്‍ മേഘാലയയിലെ ബി.ജെ.പി. നേതാവിനായി പോലീസിന്റെ തിരച്ചില്‍ ഊർജിതമാക്കി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായ ബെര്‍ണാഡ് എന്‍. മാരകിനെ കണ്ടെത്താനാണ് മേഘാലയ പോലീസ് അന്വേഷണം തുടരുന്നത്. ഇയാളുടെ റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകുട്ടികളെ പോലീസ് മോചിപ്പിച്ചിരുന്നു. വ്യഭിചാരക്കുറ്റത്തിന് റിസോര്‍ട്ടിലെ ജീവനക്കാരടക്കം 73 പേര് അറസ്റ്റിലായി.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് പോലീസ് സംഘം വെസ്റ്റ് ഗാരോ ഹില്‍സിലെ റിംപു ബംഗാന് റിസോര്‍ട്ടില്‍ റെയ്ഡിനെത്തിയത്. ശനിയാഴ്ച പകല്‍വരെ റെയ്ഡ് നീണ്ടു. ആറു കുട്ടികളെ വൃത്തിഹീനമായ ചെറിയ മുറികളിലാണ് പൂട്ടിയിട്ടിരുന്നത്. ഇവരെ പോലീസ് മോചിപ്പിച്ചു.
ബി.ജെ.പി. നേതാവായ ബെര്ണാഡോയാണ് റിസോര്‍ട്ടിന്റെ മറവില്‍ വ്യഭിചാരകേന്ദ്രം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരാഴ്ചയിലേറെയായി കാണാനില്ലെന്ന് പറഞ്ഞ് ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരുന്നു .ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് റിസോര്‍ട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി ഗാരോ ഹില്‍സിലെ തുറാ എന്ന സ്ഥലത്തുണ്ടെന്ന് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയെടുത്തതോടെയാണ് റിസോര്‍ട്ടില്‍ നടന്ന പീഡനം പുറത്തറിഞ്ഞത്.
ഒരാഴ്ചയിലേറെ നിരവധിതവണ താന്‍ ലൈംഗികപീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സുഹൃത്താണ് തന്നെ റിസോര്ട്ടിലെത്തിച്ചതെന്നും ഇവിടെവെച്ച് നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഈ സംഭവത്തില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപുറമേ റിസോര്‍ട്ടിനെതിരേ നാട്ടുകാരില്‍നിന്ന് പരാതി ലഭിച്ചിരുന്നതായും തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും പോലീസ് പറഞ്ഞു. മൂന്നുനില കെട്ടിടത്തിലായിരുന്നു റിംപു ബഗാന് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. റിസോര്‍ട്ടില്‍ ആകെ 30 ചെറിയ മുറികളാണുള്ളതെന്നും പോലീസ് പറഞ്ഞു.
അതേസമയം, താന്‍ കുറ്റക്കാരനല്ലെന്നും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ തന്നോടുള്ള പക തീര്‍ക്കുകയാണെന്നുമാണ് ബെര്‍ണാഡിന്റെ ആരോപണം. തനിക്കെതിരേ വ്യാജ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രിയാണ് റെയ്ഡിന് ഉത്തരവിട്ടതെന്നും ബി.ജെ.പി. നേതാവ് ആരോപിച്ചു.
റിസോര്‍ട്ടില്‍ ഒരു അനാശാസ്യവും നടന്നിട്ടില്ല. വാറന്റ് പോലും ഇല്ലാതെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ മുഖ്യമന്ത്രി ചൂഷണം ചെയ്യുകയാണ്. രാഷ്ട്രീയകാരണങ്ങളാല്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേസില്‍ പിടിയിലായവരൊന്നും ഒരു അസാന്മാര്ഗിക പ്രവൃര്‍ത്തികളിൽ ഏര്‍പ്പെട്ടവരല്ല. പോലീസ് റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. താന്‍ പഠിപ്പിക്കുന്ന, സ്പോണ്സര് ചെയ്ത വിദ്യാര്‍ഥികളാണവര്‍. പ്രായപൂര്‍ത്തിയായവര്‍ പാര്‍ട്ടികള്‍ക്കായി ഒത്തുചേരുന്നത് വ്യഭിചാരമാണെന്ന് പറയാനാകില്ലെന്നും ഒരു ഹോംസ്റ്റേയെ വ്യഭിചാരകേന്ദ്രമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കൂടി ഉള്‍പ്പെടുന്ന മേഘാലയ ഡെമോക്രാറ്റിക് മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതു കണക്കിലെടുക്കാതെ, ഗാരോ ഹില്‍ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ അംഗമായ ബെര്‍ണാഡ് മാരക് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. അതേസമയം, റെയ്ഡിനെക്കുറിച്ച് ബി.ജെ.പി. സംസ്ഥാന ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Meghalaya BJP leader suspected to abuse girls