തൃശൂരില്‍ വന്‍ മദ്യവേട്ട; 50 ലക്ഷം രൂപയുടെ വിദേശമദ്യം പിടികൂടി
മാഹിയിൽ നിന്ന് കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശമദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ. 3,600 ലിറ്റർ മദ്യവുമായാണ് യുവാക്കൾ പിടിയിലായത്. ഓണത്തോടനുബന്ധിച്ച് എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ചില്ലറവിൽപ്പന നടത്താൻ എത്തിച്ച മദ്യമാണ് തൃശൂരിൽ വെച്ച് പൊലീസ് പിടികൂടിയത്.
ഇന്ന് പുലർച്ചെ തൃശൂർ ചേറ്റുവയിൽ വെച്ചാണ് മദ്യം പിടികൂടിയത്. പാൽ കൊണ്ടുവരുന്ന വണ്ടിക്കുള്ളിലാണ് മദ്യം കടത്തിയത്. ഓണം വിപണിയെ ലക്ഷ്യം വെച്ച് വിവിധ ബ്രാൻഡുകളുടെ മദ്യമാണ് എത്തിച്ചത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശി സജി (59), തിരുവന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചില്ലറ വിൽപനയ്ക്കു വേണ്ടി മാഹിയിൽ നിന്നും വിവിധ വാഹനങ്ങളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികൾ മൊഴി നൽകിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിൽ നടത്തിയത്. വിദേശമദ്യ വേട്ട നടത്തിയത് കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. പൊലീസ് ഇതിന്റെ ഉറവിടത്തെ കുറിച്ചും ഇവർക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും അന്വേഷിച്ചു വരികയാണ്.
Content Highlights – Foriegn liquor, Worth 50 lakh seized