കെ എസ് ആർ ടി സി ഡിപ്പോകളിലേക്ക് ആർ ടി ഒ ഓഫിസുകളെത്തുന്നു
കെ എസ് ആർ ടി സി ഡിപ്പോകളിലെ ഒഴിഞ്ഞ മുറികൾ മോട്ടോർ വാഹനവകുപ്പിന് വാടകക്ക് നൽകും. ആകെയുള്ള 93 ഡിപ്പോകളിലും പ്രവര്‍ത്തിച്ചിരുന്ന കെ എസ് ആർ ടി സിയുടെ അഡ്മിനിസ്ട്രേഷന് വിഭാഗം അവസാനിപ്പിക്കുകയും പകരം ഭരണകാര്യങ്ങൾ 15 ജില്ല ഓഫിസുകളിലേക്ക് പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മിക്ക ഡിപ്പോകളിലും മുറികളും കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി വന്നത്. ഇവ വരുമാനമാർഗമായി ഉപയോഗിക്കാനാണ് നീക്കം.
ആർ ടി ഒ, ജോയിന്റ് ആർ ടി ഒ ഓഫിസുകൾക്കായി 37 ഡിപ്പോകളില്‍ സൗകര്യമുണ്ട്. കെ എസ് ആർ ടി സിയുടെ ക്ലസ്റ്റര്‍ ഓഫിസര്‍മാരോട് കെട്ടിട പരിശോധന നടത്തി സാധ്യത റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തും. സൗകര്യങ്ങൾ ഉറപ്പുവരുത്താനായാൽ നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവത്തിക്കുന്ന ജോയിന്റ് ആർ ടി ഒ ഓഫിസുകൾ കെ എസ് ആർ ടി സിയുടെ കെട്ടിടങ്ങളിലേക്ക് മാറും. ഗതാഗത സെക്രട്ടറിയും കെ എസ് ആർ ടി സി സി എം ഡിയും ഒരാൾ തന്നെയായതിനാൽ നടപടിക്രമങ്ങൾക്ക് കാലതാമസമെടുക്കില്ലെന്നാണ് വിവരം.
Content Highlight: KSRTC, RTO Office