നിക്ഷേപം തിരിച്ചുകൊടുക്കാനാകുന്നില്ല; സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തില്ലായെന്ന് സര്‍ക്കാര്‍ നിയമസഭയില്‍
സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി എന്‍ വാസവൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങൾ നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തിലുള്ളത്. കൊല്ലത്ത് പന്ത്രണ്ടും പത്തനംതിട്ട-ആലപ്പുഴ ജില്ലകളിൽ പതിനഞ്ച് വീതവും കോട്ടയത്തെ ഇരുപത്തിരണ്ടും തൃശ്ശൂരിലെ പതിനൊന്നും മലപ്പുറത്തെ പന്ത്രണ്ടും സഹകരണ സംഘങ്ങളാണ് നഷ്ടത്തിലുള്ളതെന്നാണ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതിന്റെ വിശദാംശങ്ങൾ.
തൃശൂരിലെ കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാത്തതിനാല്‍ സ്ത്രീ മരിച്ചത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യമുയര്‍ന്നത്. മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Content Highlights: Deposit, state assembly, government, 164 cooperatives, Loss