കാണാതായ യുവാവിനെ കണ്ടെത്തിയില്ല;
അന്വേഷണം സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
ദുബായില്നിന്നെത്തിച്ച സ്വര്‍ണം കിട്ടാത്തതിന്റെപേരില്‍ സ്വര്‍ണക്കടത്ത് സംഘം എന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ കണ്ടെത്തിയില്ല. മൂന്നാഴ്ചയായി യുവാവ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. മൂന്നുസംഘങ്ങളായി തിരിഞ്ഞ് പോലീസ് വയനാട്, മലപ്പുറം ജില്ലകളില്‍ അന്വേഷണം നടത്തുന്നുണ്ട്. പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡി.ഐ.ജി. രാഹുല്‍ ആര്. നായര്‍ റൂറല്‍ എസ്.പി. കറുപ്പസാമിക്കൊപ്പം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. അതിനിടെ എത്രയുംപെട്ടെന്ന് മകനെ കണ്ടെത്താനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കാന് ഒരുങ്ങുകയാണ് രക്ഷിതാക്കള്‍.
വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വര്‍ണം മറ്റൊരാള്‍ക്ക് കൈമാറിയതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. സ്വര്‍ണം തിരികെ നല്‍കിയില്ലെങ്കില്‍ യുവാവിനെ കൊല്ലുമെന്ന ഭീഷണിസന്ദേശം അയച്ച കൊടുവള്ളി സ്വദേശിയായ നാസര്‍ എന്നയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇര്‍ഷാദിനെ ക്വട്ടേഷന്‍ സംഘം കൊണ്ടുപോയതാണെന്നാണ് നാസര്‍ മാതാപിതാക്കളോട് പറഞ്ഞത്. രണ്ടുലക്ഷം നല്കിയാല് സ്വര്‍ണം കൈമാറിയവരില്നിന്ന് വാങ്ങിയെടുക്കാനും മറ്റൊരു സംഘത്തെ ഏര്‍പ്പാടാക്കാമെന്നും പറഞ്ഞിട്ടുണ്ട്. വാട്സാപ്പ് കോളില്മാത്രമാണ് ഇയാള്‍ കുടുംബത്തെ ബന്ധപ്പെടുന്നത്. എന്നാല്‍, മറ്റൊരാളുടെ ഫോണില്‍നിന്ന് ഇര്‍ഷാദ് ആദ്യം വിളിച്ചത് വയനാട്ടില്നിന്നാണെന്നാണ് പോലീസിനു ലഭിച്ച സൂചന.
മേയ് 13-നാണ് ഇര്‍ഷാദ് നാട്ടില്‍ എത്തിയത് ഇതിന് പിന്നാലെ സ്വര്‍ണം ആവശ്യപ്പെട്ട് സൂപ്പിക്കടയിലെ വീട്ടിലെത്തിയിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുത്തുവിട്ട സ്വര്‍ണം ലഭിക്കാത്തതിനാല്‍ ഭര്‍ത്താവിനെ ചിലര്‍ വിദേശത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പറഞ്ഞാണ് ഇവരെത്തിയിരുന്നത്. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്കിയവര് പറഞ്ഞതു പ്രകാരമാണ് യുവതി എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇര്‍ഷാദ് സ്വര്‍ണം നല്‍കിയതെന്ന് പറയുന്ന സൂപ്പിക്കടയിലെ ഷെമീറിനെ പോലീസ് കഴിഞ്ഞദിവസം നാടകീയസംഭവങ്ങള്ക്കുശേഷം കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടുന്നതിനുമുമ്പ് കൈയില്‍ മുറിവുണ്ടാക്കിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷെമീറിനെ വൈദ്യപരിശോധനയും നടത്തി. ഷെമീറടക്കം മൂന്നംഗസംഘത്തിനാണ് സ്വര്‍ണം വിമാനത്താവളത്തില്‍വെച്ച് കൈമാറിയതെന്നാണ് ഇര്‍ഷാദിന്റെ ബന്ധുക്കൾ പറയുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഉടനെ വയനാട്ടിലേക്കെന്നുംപറഞ്ഞ് പോയതിന് പിന്നാലെയാണ് ഇയാളെ കാണാതായത്.
Content Highlights – Gold smuggling case, Investigation Focused, Youth Missing