എട്ടാം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ
നാഗ്പുരില്‍ പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒന്‍പത് പേര് അറസ്റ്റില്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ എട്ടാം ക്ലാസുകാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുകയും ചെയ്തു. ഒരു കൊലപാതക കേസില്‍ നാഗ്പുര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.
സ്വര്‍ണമോതിരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ശുഭം ദാമു എന്നയാളെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതി റോഷന് കര്‍ഗവാറിനെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവരം ഇയാള്‍ പോലീസിനോട് പറഞ്ഞത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. ഈ കൌൺസിലിങ്ങിനിടെയാണ് ഒരുമാസം നീണ്ട പീഡനപരമ്പരയെപ്പറ്റി കുട്ടി തുറന്ന് പറഞ്ഞത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്.
പ്രതിയായ റോഷനെ ഈ കുട്ടിയ്ക്ക് നേരത്തേ അറിയാം. രക്ഷിതാക്കളില്ലാത്ത സമയത്താണ് റോഷനും സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ക്കയറി കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡനം തുടര്‍ന്നു. ജൂണ്‍ 19 മുതല്‍ ജൂലായ് 15 വരെ ഇത് തുടര്‍ന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതികളെയെല്ലാം പിടികൂടി. പോക്സോ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Content Highlights – The accused in the case of gang rape of the 8th class girl have been arrested