സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം
യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയിലെ സൈനിക വ്യോമതാവളത്തില്‍ കനത്ത മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തിക്ക് സമീപമുള്ള ഖാമിസ് മുഷൈത്തിലുള്ള വ്യോമതാവളം ലക്ഷ്യമിട്ട് ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് തൊടുത്തുവിട്ടതെന്ന് ഇറാന് പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം അറിയിച്ചു. വ്യോമതാവളത്തിലെ വിമാന ഹാങ്ങറുകള്‍, റഡാര്‍ സംവിധാനങ്ങള്‍, റണ്‍വേകള്‍, ആയുധപ്പുരകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യ യെമനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് പുതിയ ആക്രമണമെന്ന് ഹൂതികള്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്. മുമ്പ് ഹൂതികള്‍ ആക്രമിച്ച മറ്റ് മൂന്ന് തെക്കന്‍ നഗരങ്ങളിലും സൗദി അധികൃതര്‍ താല്‍ക്കാലിക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്നുണ്ട്.













